This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ - തിരുവനന്തപുരം

മലയാള ചലച്ചിത്ര വ്യവസായത്തിന്റെ സര്‍വതോമുഖമായ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനം. കേരളത്തെ നല്ലൊരു സിനിമാനിര്‍മാണ കേന്ദ്രമാക്കി മാറ്റുക; സാങ്കേതികമായും സാംസ്കാരികമായും കലാപരമായും മലയാളസിനിമയുടെ നിലവാരം ഉയര്‍ത്തുക; വിദ്യാഭ്യാസം, പൊതുജനസമ്പര്‍ക്കം മുതലായ കാര്യങ്ങള്‍ക്കായി സിനിമയെ ക്രിയാത്മകമാംവിധം പ്രയോജനപ്പെടുത്തുക മുതലായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേരളഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം സമാരംഭിച്ചത് (1975). ഇതിന്റെ ആദ്യ ചെയര്‍മാന്‍ പി.ആര്‍.എസ്. പിള്ളയായിരുന്നു.

1970-കളില്‍ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു മലയാള സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്. ഈ സൗകര്യങ്ങള്‍ കേരളത്തില്‍ത്തന്നെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ തിരുവനന്തപുരത്തിനു സമീപം തിരുവല്ലത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഫിലിം സ്റ്റുഡിയോ-ചിത്രാഞ്ജലി-1980-ല്‍ സ്ഥാപിച്ചു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ളക്സാണ്. സിനിമാനിര്‍മാണത്തിനാവശ്യമായ എല്ലാ സങ്കേതങ്ങളും-ക്യാമറ, ഔട്ട്ഡോര്‍ യൂണിറ്റ്, ലബോറട്ടറി, നോണ്‍ ലീനിയര്‍ എഡിറ്റിങ്, ഡബ്ബിങ് സ്റ്റുഡിയോ, ഡി.റ്റി.എസ്. മിക്സിങ് സ്റ്റുഡിയോ, ഷൂട്ടിങ് ഫ്ളോറുകള്‍ എന്നിവ ചിത്രാഞ്ജലിയില്‍ ലഭ്യമാണ്. ചിത്രാഞ്ജലിയുടെ ഒരു ശാഖ എറണാകുളത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ടി.വി. പരിപാടികളുടെ ചിത്രീകരണത്തിനായുള്ള മറ്റൊരു സ്റ്റുഡിയോ ആണ് തിരുവനന്തപുരത്തുള്ള കലാഭവന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ. വിവിധ ഗവ. വകുപ്പുകള്‍ക്കുള്ള വേണ്ടിയുള്ള ഡോക്യുമെന്ററികളും വീഡിയോ പ്രോഗ്രാമുകളും ചിത്രീകരിച്ച്, നിര്‍മിക്കുന്നത് കെ.എസ്.എഫ്.ഡി.സി. ആണ്. കേരളത്തില്‍ നിര്‍മിക്കുന്ന ചലച്ചിത്രങ്ങള്‍, കുട്ടികളുടെ ചലച്ചിത്രം, ഡോക്യുമെന്ററികള്‍ എന്നിവയ്ക്ക് പ്രത്യേക ഉപാധികളോടെ കോര്‍പ്പറേഷന്‍ സബ്സിഡി നല്കിവരുന്നുണ്ട്. കോര്‍പ്പറേഷന്റെ കീഴില്‍ 10 സിനിമാപ്രദര്‍ശനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ ചിലത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍